ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്കാ വൈദികനുനേരേ ആക്രമണം. ഡൗൺപാട്രിക് എന്ന സ്ഥലത്തെ സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ. കാനൻ ജോൺ മുറെ(77)യ്ക്കുനേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്.
വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഹഗ് മലോൺ(30) എന്നയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. വൈദികന്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇതേ ദിവസംതന്നെ പ്രദേശത്തു സ്റ്റീഫൻ ബ്രണ്ണിഗാൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിനു പിന്നിലും ഹഗ് മലോൺ ആണെന്നാണു നിഗമനം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.